ഹരി ഓം, നമ: ശിവായ
ഭാരതീയ ആത്മീയതയുടെ അന്തഃസത്ത എന്നും കുടികൊള്ളുന്നത് ഗുരുശിഷ്യ ബന്ധത്തിലാണ്. സാക്ഷാൽ ശ്രീരാമചന്ദ്രനും, ശ്രീകൃഷ്ണ പരമാത്മവിനും പോലും ഗുരുക്കന്മാരുണ്ടായിരുന്നു എന്ന സത്യം, ഒരു മനുഷ്യന്റെ ആത്മീയ യാത്രയിൽ ഗുരുവെന്ന വെളിച്ചം എത്രത്തോളം അനിവാര്യമാണെന്ന് നമുക്ക് കാട്ടിത്തരുന്നു.
എന്നാൽ, ഇന്നത്തെ കാലഘട്ടത്തിൽ ഒരു സദ്ഗുരുവിനെ കണ്ടെത്തുക എന്നത് മരീചിക തേടുന്നതുപോലെ ദുഷ്കരമാണ്. കപടത ആത്മീയതയെയും വിഴുങ്ങുന്ന ഈ കാലത്ത്, വെറും അറിവിനെ അനുഭവമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന 'പാകമാകാത്ത' ഗുരുക്കന്മാർക്കിടയിൽ യഥാർത്ഥ ജ്ഞാനിയെ തിരിച്ചറിയുക അത്ര എളുപ്പമല്ല. ഇത് സ്വന്തം അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാണ് പറയുന്നത് എങ്കിലും,
അനുഭവം എനിക്കായി മറ്റൊരു പാഠം കൂടി നൽകി:
ഭഗവാനെ ആശ്രയിച്ചാൽ നമ്മൾ ഗുരുവിനെ തേടിപ്പോകേണ്ടതില്ല, ഗുരു ശിഷ്യനിലേക്ക് വന്നെത്തും.
ജീവിതത്തിലേക്ക് ആ പുണ്യം കടന്നുവന്നത് അപ്രതീക്ഷിതമായായിരുന്നു. എന്നെ നോക്കി അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നും കാതുകളിൽ മുഴങ്ങുന്നു:
"ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു. നാളെ ബ്രാഹ്മമുഹൂർത്തത്തിന് മുൻപ് എന്റെ അടുത്തെത്തുക."
പിറ്റേന്ന് പുലർച്ചെ ഞാൻ അദ്ദേഹത്തിന് ചാരെ എത്തുമ്പോൾ ആ പുണ്യാത്മാവ് അഗാധമായ ധ്യാനത്തിലായിരുന്നു. നിശബ്ദതയുടെ ആ നിമിഷങ്ങൾക്കൊടുവിൽ അദ്ദേഹം എന്നെ സ്നാനഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ വെച്ചാണ് ആ വെളിപ്പെടുത്തലുണ്ടായത്—ഞാൻ അദ്ദേഹത്തിന്റെ 'കാത്തിരുന്ന ശിഷ്യൻ' ആണെന്ന്! ആ വാക്കുകൾ കേട്ടപ്പോൾ അനുഭവിച്ച ആനന്ദം വിവരിക്കാൻ ഈ ലോകത്തിലെ ഭാഷാപ്രയോഗങ്ങൾ മതിയാവില്ല.
ഭസ്മം അണിയിച്ച്, മന്ത്രദീക്ഷ നൽകി അദ്ദേഹം എന്നെ സ്വീകരിച്ചു.
ഒരു അവധൂതനായ അദ്ദേഹം അന്ന് ഒരു കാര്യം മാത്രം എന്നോട് ആവശ്യപ്പെട്ടു:
"അനുവാദമില്ലാതെ, എന്നെപ്പറ്റി നീ ആരോടെങ്കിലും പറയുകയാണെങ്കിൽ അത് എന്റെ സമാധിക്ക് ശേഷം മാത്രമായിരിക്കണം." തന്നിലേക്ക് മറ്റുള്ളവർ വരുന്നത് ആ തപസ്വി ആഗ്രഹിച്ചിരുന്നില്ല. എങ്കിലും, അനേകം സത്യാന്വേഷികളെ ആ ചൈതന്യത്തിലേക്ക് നയിക്കാൻ ആ നിയന്ത്രണങ്ങളിൽ ചില മാറ്റങ്ങൾ വരണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു, ശ്രമിക്കുന്നു.
മഹാമഘ മഹോത്സവത്തിനിടെ ധരിച്ചിരിക്കുന്ന കാവിവസ്ത്രത്തിന്റെ ശക്തിയെക്കുറിച്ച് എനിക്കൊരു സംശയമുണ്ടായി. ആ സംശയത്തിനുള്ള ഉത്തരം വാക്കുകളിലൂടെയല്ല, മറിച്ച് നേരിട്ടുള്ള അനുഭവത്തിലൂടെയാണ് അദ്ദേഹം എനിക്ക് നൽകിയത് എന്ന കഥ പങ്കുവച്ചിരുന്നല്ലോ.
https://www.facebook.com/share/p/1C9GmMLRqU/
മാഖ മഹോത്സവ കാലത്ത്
അദ്ദേഹം എന്നോട് പറഞ്ഞു:
"നമുക്കൊരു കൈലാസമുണ്ട്, അവിടെ ചെന്നാൽ ഹിമാലയത്തിന്റെ അതേ അനുഭൂതി ലഭിക്കും. അവിടെയിരുന്നു ധ്യാനിച്ചാൽ നിനക്ക് മഹാദേവന്റെ ദർശനം ലഭിക്കും."
കോയമ്പത്തൂരിലെ പൂണ്ടിക്ക് അടുത്തുള്ള വെള്ളിയാങ്കിരി മലനിരകളെക്കുറിച്ചായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്. പിന്നീട് നിർദേശപ്രകാരം മലമുകളിലെ സ്വയംഭൂവായ ഭഗവാനെ തേടിയുള്ള യാത്ര എന്റെ ജീവിതത്തിലെ ഏറ്റവും സാഹസികവും ആത്മീയവുമായ ഒന്നായി മാറി.
നമ്മളിൽ പലരും ഇന്ന് തീർത്ഥാടനങ്ങളെ ഒരു വിനോദയാത്രയായോ (Picnic) ടൂർ പ്രോഗ്രാമായോ ആണ് കാണുന്നത്. എന്നാൽ ഇത് ശരിയാണോ?
ഭഗവാന്റെ അനുവാദം വാങ്ങി, ആ ചൈതന്യത്തെ ധ്യാനിച്ച് വേണം നാം ഓരോ ക്ഷേത്രത്തിലേക്കും കടന്നുചെല്ലാൻ. എങ്കിൽ മാത്രമേ ആ യാത്ര നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുകയുള്ളൂ.
മഹാ മാഖത്തിൽ സന്യാസിമാർ ദക്ഷിണ സ്വീകരിച്ചതിനെ പോലും ചില ചിന്തകന്മാർ വിമർശിച്ചത് ഈ സമയം ഓർമ്മിക്കുന്നത് നന്ന്.
കുംഭമേളയും മഹാമഹവും സന്യാസിമാരുടെ ഉത്സവങ്ങളാണ്. അവിടെ അവഹേളനവുമായി എത്തുന്നവർ ഒന്നോർക്കുക—ആരും നിങ്ങളെ അങ്ങോട്ട് ക്ഷണിച്ചിട്ടില്ല. ഭക്തിയോടെ എത്തുന്നവർക്ക് സന്യാസിമാരുടെ അനുഗ്രഹം ലഭിക്കുന്നു. എന്നാൽ അവിശ്വാസികൾ അവിടെ വന്നതിനുശേഷം പിന്നീട് വിമർശനങ്ങൾ ഉന്നയിക്കുന്നത് 'മലർന്നു കിടന്നു തുപ്പുന്ന' സ്വഭാവത്തിന് തുല്യമാണ്.
ഒരു യഥാർത്ഥ സാധകൻ ഏതെങ്കിലും പുണ്യസ്ഥലത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം ദേവതയെ ധ്യാനിച്ച് അനുവാദം ചോദിക്കുക.
അനുമതി ലഭിക്കുന്ന നിമിഷം വരെ കാത്തിരിക്കുക. അങ്ങനെയുള്ള ഒരു യാത്ര നൽകുന്ന അനുഭൂതി അവർണ്ണനീയമായിരിക്കും.
അത്തരമൊരു യാത്രാനുഭവമായിരുന്ന
വെള്ളിയാംഗിരി യാത്രയെപ്പറ്റി തുടർന്ന് പറയാം.
സ്വാമി ഹരിദത്തൻ
ഹരി ഓം, നമ: ശിവായ
विजयी भवतु, सुखिनो भवतु।
ആത്മ വിദ്യാ പീഠം