ഹരി ഓം, നമ: ശിവായ
വെള്ളിയാംഗിരിയിലേക്കൊരു
പുണ്യയാത്ര 01
……………….
ഗുരുജി സമ്മാനിച്ച, 108 ശിവലിംഗങ്ങളിൽ ചാർത്തി അഭിഷേകം ചെയ്ത ആ പുണ്യമാല ഇപ്പോൾ എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു. മുൻപ് പല രുദ്രാക്ഷ മാലകളും ധരിച്ചിട്ടുണ്ടെങ്കിലും, ഈ മാല നൽകുന്ന അനുഭവം തികച്ചും അലൗകികമാണ്. ധ്യാനവേളകളിലും ക്ഷേത്രദർശനങ്ങളിലും യാത്രകളിലും പ്രപഞ്ചത്തിലെ ദിവ്യമായ ഊർജ്ജത്തെ ആവാഹിച്ചെടുക്കാൻ (Conceive) ഈ മാലയ്ക്ക് ഒരു പ്രത്യേക വൈഭവമുണ്ടെന്ന് എന്റെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഒരു സാധാരണക്കാരന് വാക്കുകളാൽ വിവരിക്കാവുന്നതിലും അപ്പുറമാണ് ആ ചൈതന്യ വൈഭവം.
വെള്ളിയാംഗിരി എന്ന ദക്ഷിണ കൈലാസത്തിലേക്കുള്ള യാത്രയുടെ വിളി വന്നത് വളരെ അപ്രതീക്ഷിതമായാണ്.
എറണാകുളത്തു നിന്നും ആരംഭിച്ച യാത്രയിൽ ഉടനീളം മഹാദേവന്റെ അദൃശ്യമായ സാന്നിധ്യം ഞാൻ അനുഭവിച്ചു. സാധാരണ യാത്രകളിൽ ഉണ്ടാകാറുള്ള ക്ലേശങ്ങളൊന്നും എന്നെ സ്പർശിച്ചില്ല. ഒരു പ്രീമിയം വാഹനത്തിൽ സഞ്ചരിക്കുന്നതുപോലെയുള്ള സുഖകരമായ അനുഭൂതി കെ.എസ്.ആർ.ടി.സി ബസ്സിലും ജനറൽ കമ്പാർട്ട്മെന്റിലെ ട്രെയിൻ യാത്രയിലും ലഭിച്ചു. ഭഗവാൻ എല്ലായിടത്തും സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കിവെച്ചിരുന്നു.
മലയടിവാരത്തെ ക്ഷേത്രത്തിൽ എത്തിയപ്പോൾ പ്രകൃതി ഞങ്ങളെ പരീക്ഷിക്കാനെന്നോണം ഒരുങ്ങി നിന്നിരുന്നത് അറിഞ്ഞിരുന്നില്ല.
കൂടെ വരാമെന്നേറ്റ പലരും (7 പേരാണ് കൂടെ വരാമെന്ന് പറഞ്ഞിരുന്നത്) പല കാരണങ്ങളാൽ പിന്മാറി. ഒടുവിൽ ഞാനും ചെന്നൈയിൽ നിന്നെത്തിയ ഒരു സ്വാമിയും മാത്രം ബാക്കിയായി.
പെട്ടെന്ന് ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടുകയും ശക്തമായ മഴ പെയ്യുകയും ചെയ്തു. "ഇന്ന് മല കയറാൻ സാധ്യമല്ല, പാതകൾ വഴുക്കലായിരിക്കും" എന്ന് എല്ലാവരും വിലക്കി. പക്ഷേ, എന്റെ ഉള്ളിലെ ഭക്തി ആ വിലക്കുകളെ ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല.
ഏതാണ്ട് ഒരു മണിക്കൂറോളം ഞാൻ അവിടെ ധ്യാനനിമഗ്നനായി ഇരുന്നു. ആ നിശബ്ദതയിൽ ആരോ എന്നെ മുകളിലേക്ക് വരാൻ വിളിക്കുന്നതായി മനസിലാക്കി.
വിവരമറിഞ്ഞ് ഗുരുജി എന്നെ തടയാൻ ശ്രമിച്ചു, എന്റെ സുരക്ഷയോർത്തുള്ള അദ്ദേഹത്തിന്റെ ആകുലത, ദേഷ്യമായും കണ്ണീരായും പുറത്തുവന്നു.
"അഹങ്കാരത്തിന്റെ ഒരംശമെങ്കിലും മനസ്സിലുണ്ടെങ്കിൽ ആ മല നിങ്ങളെ ഭസ്മീകരിക്കും" എന്ന് അദ്ദേഹം ദേഷ്യത്തോടെ ഓർമ്മിപ്പിച്ചു.
എങ്കിലും, മഹാദേവനെ കാണണമെന്ന എന്റെ ദൃഢനിശ്ചയത്തിന് മുന്നിൽ അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു.
ഇരുട്ടു നിറഞ്ഞ ആ വൈകുന്നേരത്ത്, കയ്യിലൊരു വടിയും മനസ്സ് നിറയെ ശിവനാമവുമായി ഞാൻ ആ കവാടം കടന്നു.
കൂടെ വരാമെന്നേറ്റ സ്വാമി അദ്ദേഹത്തിന് ഭയമുണ്ട് എന്ന് തുറന്നു പറഞ്ഞു. ഞാൻ പിന്മാറണം എന്ന് എൻ്റെ സുരക്ഷയെ കരുതി ആ മഹാത്മാവും ആഗ്രഹിച്ചിരുന്നു,
അവരെ നമിച്ച ശേഷം ഞാൻ കവാടം കടന്നു. ഗുരുജി അവിടെ കണ്ട ഒരു സംഘത്തെ എൻ്റെ കാര്യം പറഞ്ഞ് ഏൽപ്പിക്കുന്നതിനിടെ ഞാൻ മല കയറാൻ ആരംഭിച്ചു.
കവാടത്തിൽ വച്ച് പ്ലാസ്റ്റിക് കുപ്പിയിൽ ഒട്ടിച്ച ആ ചെറിയ സ്റ്റിക്കർ പോലെ, എന്റെ മനസ്സിലും ഭഗവാൻ ഒരു മുദ്ര പതിപ്പിച്ചിരുന്നു. "ഓം നമശിവായ" എന്ന മന്ത്രധ്വനികളോടെ, കാറ്റും മഴയും വകവെക്കാതെ, വെള്ളിയാൻ ഗിരിയുടെ മുകളിലുള്ള മഹാദേവൻ്റെ കൈലാസം ലക്ഷ്യമാക്കി എന്റെ പാദങ്ങൾ ചലിച്ചുതുടങ്ങി.
ആത്മീയതയുടെയും ഭക്തിയുടെയും പരമമായ അനുഭൂതിയിലേക്കുള്ള ഒരു പ്രയാണം അവിടെ ആരംഭിക്കുകയായിരുന്നു.
സ്വാമി ഹരിദത്തൻ
ഹരി ഓം, നമ: ശിവായ
विजयी भवतु, सुखिनो भवतु।
ആത്മ വിദ്യാ പീഠം